ഷൂട്ടൗട്ടിൽ ആർസനലിനെ 4–3ന് വീഴ്ത്തി, യുവേഫ ചാംപ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക്

1 day ago 2

ഓൺലൈൻ ഡെസ്ക്

Published: May 30, 2026 01:00 PM IST Updated: May 31, 2026 04:15 AM IST

1 minute Read

FBL-EUR-C1-PSG-ARSENAL-FINAL
പിഎസ്ജി താരങ്ങളുടെ വിജയാഘോഷം. Photo: INA FASSBENDER / AFP

ബുഡാപെസ്റ്റ് ∙ ആർത്തലച്ചെത്തിയ പിഎസ്ജി ആക്രമണത്തെ പിടിച്ചുകെട്ടിയ ആർസനലിന് പെനൽറ്റി ഷൂട്ടൗട്ടിലെ സമ്മർദത്തെ മറികടക്കാനായില്ല. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് ആർസനലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–3) തോൽപിച്ച് ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമന് (പിഎസ്ജി) തുടർച്ചയായ രണ്ടാം ചാംപ്യൻസ് ലീഗ് കിരീടം. ഇതോടെ റയൽ മഡ്രിഡിനു ശേഷം തുടർച്ചയായ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ടീമായി പിഎസ്ജി മാറി.

കായ് ഹാവെർട്സ് (6–ാം മിനിറ്റ്) ആർസനലിനായും ഉസ്മാൻ ഡെംബലെ (65) പിഎസ്ജിക്കായും നേടിയ ഗോളുകളിലൂടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പിഎസ്ജിക്കായി ഗോൻസാലോ റാമോസും ആർസനലിനായി വിക്ടർ യോക്കരേഷും ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത ഡിസിറെ ഡുവെ ഫ്ര‍ഞ്ച് ക്ലബ്ബിനായി ലക്ഷ്യം കണ്ടെങ്കിലും ആർസനലിന്റെ എബ്രചി എസ്സെയ്ക്ക് പിഴച്ചു. 2–1. എന്നാൽ പിഎസ്ജിയുടെ 3–ാം കിക്കെടുത്ത ന്യൂനോ മെൻഡസിന്റെ ഷോ‌ട്ട് തടുത്ത് ആർസനൽ ഗോൾ കീപ്പർ ഡേവിഡ് റയ ഇംഗ്ലിഷ് ക്ലബ്ബിന് വീണ്ടും പ്രതീക്ഷ നൽകി. തുടർന്ന് അച്റഫ് ഹക്കിമിയും ലൂക്കാസ് ബെറാൾഡോയും പിഎസ്ജിക്കായും ഡെക്ലെൻ റൈസും ഗബ്രിയേൽ മാർട്ടിനെല്ലിയും ‍ആർസനലിനായും സ്കോർ ചെയ്തെങ്കിലും ആർസനലിനായി അവസാന കിക്കെടുത്ത ഗബ്രിയേലിന് പിഴച്ചു; 4–3. പിഎസ്ജി രണ്ടാം തവണയും കപ്പുയർത്തി.

ആർസനൽ ആവേശം

GABRIEL BLASTS IT OVER AND JUST LIKE 20 YEARS AGO ARSENAL LOSE A CHAMPIONS LEAGUE FINAL!!!!!!!!!!!!!

PARIS SAINT-GERMAIN RETAIN THEIR CROWN AS KINGS OF EUROPE!!!!!!!
pic.twitter.com/lyxjUSki8r

— Attacking Football (@AttackingFooty) May 30, 2026

തുടക്കം മുതൽ പന്ത് കൈവശംവച്ച് കളിനിയന്ത്രിക്കാൻ തുടങ്ങിയ പിഎസ്ജിക്ക് ഒരുനിമിഷത്തെ പിഴവിന് നൽകേണ്ടി വന്നത് വലിയ വില. കളിയുടെ 6–ാം മിനിറ്റിൽ പിഎസ്ജി പ്രതിരോധതാരം മാർക്വിഞ്ഞോസ് തട്ടിയകറ്റാൻ ശ്രമിച്ച പന്ത് ആർസനൽ മുന്നേറ്റതാരം ലിയാന്ദ്രോ ട്രൊസാർഡിന്റെ ശരീരത്തിൽ തട്ടി കായ് ഹാവെർട്സിലേക്ക്. പന്തുമായി ഇടതുവിങ്ങിലൂടെ ഹാവേർട്സ് പിഎസ്ജിയുടെ ഗോൾ മുഖത്തേക്ക് കുതിച്ചു. അസാധ്യമെന്ന് തോന്നിച്ച ഒരാംഗിളിൽ നിന്നു ഹാവെർട്സിന്റെ ഷോട്ട്, പിഎസ്ജി ഗോൾകീപ്പർ സഫൊനോവിനെ മറികടന്ന് വലയിൽ 1–0.

തുടർന്ന് ഗോൾ മടക്കാനുള്ള പിസ്ജിയുടെ തുടർച്ചയായ ശ്രമങ്ങൾ ആർസനലിന്റെ വിള്ളലില്ലാത്ത പ്രതിരോധ മതിലിൽ തട്ടി തകർന്നു.  ആദ്യപകുതിയുടെ ഇൻജറി സമയത്തും ഹാവെർട്സിന് മികച്ച ഗോളവസരം ലഭിച്ചെങ്കിലും മാർക്വിഞ്ഞോസ് പിഎസ്ജിയുടെ രക്ഷകനായി.

തിരിച്ചടിച്ച് പിഎസ്ജി

മാറ്റങ്ങളില്ലാതെയാണ് ഇരുടീമുകളും രണ്ടാം പകുതി തുടങ്ങിയത്. പ്രതിരോധത്തിലൂന്നി കളിക്കുന്ന എല്ലാ ടീമുകൾക്കും സംഭവിക്കുന്ന പിഴവ് മത്സരത്തിന്റെ 62–ാം മിനിറ്റിൽ ഒടുവിൽ ആർസനലിനും സംഭവിച്ചു. ആർസനൽ ബോക്സിലേക്ക് ഓടിക്കയറിയ പിഎസ്ജി താരം ക്വിച്ച ക്വാരറ്റ്സ്കെലിയയെ ആർസനലിന്റെ  ക്രിസ്ത്യൻ മൊസ്ക്വേര പിന്നിൽനിന്നു വീഴ്ത്തിയതിന് പിഎസ്ജിക്ക് പെനൽറ്റി. 

 ഉസ്മാൻ ഡെംബലെയ്ക്ക് പിഴച്ചില്ല. 1–1. തുടർന്ന് ഇരുടീമുകളും വിജയഗോളിനായി ആഞ്ഞുപിടിച്ചെങ്കിലും ഗോൾ മാറിനിന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു.  ഇരുടീമുകൾക്കും വിജയഗോൾ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

English Summary:

UEFA Champions League, Arsenal vs PSG Match Live Updates

Read Entire Article