‘സംഹാരതാണ്ഡവം’: ‘ബേബി ബോസി’നെ’ വാനോളം പുകഴ്ത്തി ഗെയ്ൽ, ഒപ്പം വമ്പൻ പ്രവചനവും; റെക്കോർഡ് നഷ്ടമായത് ‘അറിയാതെ’ വൈഭവ്!

4 days ago 3

ഓൺലൈൻ ഡെസ്‌ക്

Published: May 28, 2026 12:05 PM IST

2 minute Read

വൈഭവ് സൂര്യവംശി.  (PTI Photo/Karma Bhutia)
വൈഭവ് സൂര്യവംശി. (PTI Photo/Karma Bhutia)

മുല്ലൻപുർ ∙ ഐപിഎൽ എലിമിനേറ്റർ റൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വിസ്മയ ബാറ്റിങ് കാഴ്ചവച്ച രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ ഇന്നിങ്സുകളിൽ ഒന്നുമായാണ് വൈഭവ് (29 പന്തിൽ 97) മത്സരത്തിൽ നിറഞ്ഞാടിയത്. ‘‘മികച്ച പ്രകടനം വൈഭവ് സൂര്യവംശി, ഐപിഎലിൽ ഒരു പുതിയ സിക്സ് മെഷീൻ’’– ഗെയ്ൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഐപിഎലിലെ വേഗമേറിയ സെഞ്ചറിയെന്ന ഗെയ്‍ലിന്റെ പേരിലുള്ള റെക്കോർഡ് മറികടക്കാനുള്ള അവസരം നേരിയ വ്യത്യാസത്തിൽ നഷ്ടമായ വൈഭവിനെ താരം ആശ്വസിപ്പിക്കുകയും ചെയ്തു. ‘‘ഒരു സംഹാരതാണ്ഡവമാണ് വൈഭവ് നടത്തിയത്. ഇത്തവണ നിർഭാഗ്യവാനായെങ്കിലും ഒരിക്കൽ അവിടെ എത്തിച്ചേരും.’’– ഗെയ്ൽ കൂട്ടിച്ചേർത്തു.

അതേസമയം, ഗെയ്‌ലിന്റെ മറ്റൊരു റെക്കോർഡ് മത്സരത്തിൽ വൈഭവ് മറികടന്നിരുന്നു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന നേട്ടമാണ് വൈഭവ് കൈവരിച്ചത്. ഇന്നലെ 12 സിക്സുകൾ അടിച്ചുകൂട്ടിയ വൈഭവ് സീസണിലാകെ നേടിയ 65 സിക്സുകളാണ്. 2012 സീസണിൽ 59 സിക്സുകൾ നേടിയ ഗെയ്‍ലിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്. ഇതോടെ  ‘യൂണിവേഴ്‌സൽ ബേബി ബോസ്’ എന്ന വിശേഷണമാണ് വൈഭവിന് സമൂഹമാധ്യമങ്ങൾ നൽകിയത്. ഈ സീസണിൽ, 15 ഇന്നിങ്സുകളിൽ നിന്നായി 45.33 ശരാശരിയിലും 242.85 സ്ട്രൈക്ക് റേറ്റിലും ഒരു സെഞ്ചറിയും നാല് അർധസെഞ്ചറികളും ഉൾപ്പെടെ 680 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഒരു ഐപിഎൽ സീസണിൽ അൺക്യാപ്ഡ് താരത്തിന്റെ താരം ഉയർന്ന റൺസും ഒരു സീസണിൽ 600+ റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് വൈഭവ്.

വൈഭവ് സൂര്യവംശിയെ പുകഴ്‌ത്തി ക്രിസ് ഗെയ്‌ൽ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറികൾ

വൈഭവ് സൂര്യവംശിയെ പുകഴ്‌ത്തി ക്രിസ് ഗെയ്‌ൽ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറികൾ

അതേസമയം, ഐപിഎലിലെ വേഗമേറിയ സെഞ്ചറി എന്ന റെക്കോർഡ് നേരിയ വ്യത്യാസത്തിൽ നഷ്ടമായതിനെക്കുറിച്ച് മത്സരശേഷം വൈഭവ് സൂര്യവംശി പ്രതികരിച്ചു. സിക്സറുകൾ അടിക്കുന്നതിലും പരമാവധി റൺസ് നേടുന്നതിലുമായിരുന്നു തന്റെ ശ്രദ്ധയെന്ന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ശേഷം വൈഭവ് പറഞ്ഞു. ‘‘മത്സരത്തിന് ശേഷമാണ് ഞാൻ റെക്കോർഡ് നഷ്ടമായതിനെക്കുറിച്ച് അറിഞ്ഞത്. എന്റെ ശ്രദ്ധ സിക്സറുകൾ അടിക്കുന്നതിലായിരുന്നു. ഭാവിയിൽ ഞാൻ സെഞ്ചറികൾ നേടും, എന്നാൽ ടീമിനായി പരമാവധി റൺസ് കണ്ടെത്തുക എന്നതായിരുന്നു അപ്പോഴത്തെ ലക്ഷ്യം. ഞാൻ എന്റെ പ്ലാൻ അനുസരിച്ച് മാത്രമാണ് കളിക്കുന്നത്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ ശ്രമിക്കാറുണ്ട്.’’– വൈഭവ് പറഞ്ഞു.

മത്സരത്തിനായുള്ള തന്റെ തയാറെടുപ്പുകളെക്കുറിച്ചും വൈഭവ് വ്യക്തമാക്കി: ‘‘ബോളർമാരെ എങ്ങനെ നേരിടണം എന്ന് വിശകലനം ചെയ്യാനും ബൗണ്ടറികളുടെ ദൂരം മനസ്സിലാക്കാനും ഞാൻ ശ്രമിക്കാറുണ്ട്. ഞാൻ മികച്ച ലക്ഷ്യത്തോടെ കളിക്കുമ്പോൾ ബോളർ സമ്മർദ്ദത്തിലാകും. ഞങ്ങൾ വിജയിച്ചു, അതിനാൽ ഞങ്ങൾ ഇത് ആഘോഷിക്കും, അടുത്ത മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. ഞാൻ ബോളർമാരെക്കുറിച്ച് അധികം ചിന്തിക്കാറില്ല; എന്റെ സ്വാഭാവിക ഗെയിം കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.’’– വൈഭവ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ വൈഭവിന്റെ കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ട‌ത്തിൽ 243 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന്റെ പോരാട്ടം 196ൽ അവസാനിച്ചു. ഇതോടെ നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ, ഗുജറാത്തിനെ നേരിടും. ഈ മത്സരത്തിലെ വിജയികൾ 31 നടക്കുന്ന ഫൈനലിൽ ബെംഗളൂരുവുമായി ഏറ്റുമുട്ടും. തോൽവിയോടെ ഹൈദരാബാദ് ടൂർണമെന്റിനു പുറത്തായി.

English Summary:

Vaibhav Suryavanshi's exceptional 97 disconnected 29 balls against Sunrisers Hyderabad successful the IPL Eliminator has earned him praise from Chris Gayle. This unthinkable innings saw him interruption Gayle's grounds for astir sixes successful an IPL season, solidifying his presumption arsenic a rising cricket star.

Read Entire Article