‘സഞ്ജു ഇടയ്ക്ക് വേഗത കുറച്ചെന്ന് തോന്നിയോ?, പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു’: ‘പ്ലാൻ’ വെളിപ്പെടുത്തി അകീൽ

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: April 24, 2026 04:33 PM IST Updated: April 24, 2026 04:53 PM IST

1 minute Read

സെഞ്ചറി നേടിയ സഞ്ജു സാംസണെ അഭിനന്ദിക്കുന്ന അകീൽ ഹൊസെയ്ൻ (Photo by Punit PARANJPE / AFP)
സെഞ്ചറി നേടിയ സഞ്ജു സാംസണെ അഭിനന്ദിക്കുന്ന അകീൽ ഹൊസെയ്ൻ (Photo by Punit PARANJPE / AFP)

മുംബൈ ∙ ഐപിഎൽ ‘എൽക്ലാസിക്കോ’യിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂറ്റൻ വിജയത്തിനു പിന്നാലെ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെയും കൃത്യമായ പ്ലാനിങ്ങിനെയും പുകഴ്ത്തി സിഎസ്കെ താരം അകീൽ ഹൊസെയ്ൻ. ചെന്നൈയുടെ വിജയത്തിന് അടിത്തറയിട്ടത് സഞ്ജു സാംസന്റെ പക്വതയാർന്ന ഇന്നിങ്സാണെന്ന് അവസാന ഓവറിൽ സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്ന അകീൽ പറഞ്ഞു. മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ അകീലിന്റെ പ്രകടനവും വിജയത്തിൽ നിർണായകമായി.

“സഞ്ജുവും മുൻനിര ബാറ്റർമാരിൽ ചിലരും വളരെ നന്നായി ചെയ്തു. സഞ്ജു അവസാനം വരെ ബാറ്റ് ചെയ്യുന്നത് നിങ്ങൾക്ക് കാണാമായിരുന്നു. മധ്യ ഓവറുകളിൽ അദ്ദേഹം വേഗത കുറച്ചെന്നോ അല്ലെങ്കിൽ ആക്രമണം കുറച്ചെന്നോ ചിലർ കരുതിയിട്ടുണ്ടാകാം. എന്നാൽ ഒരു സെറ്റ് ബാറ്റർ ക്രീസിൽ ഉണ്ടെങ്കിൽ അവസാനം തകർത്തു കളിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം ചെയ്തതും കൃത്യമായി അതുതന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ, ഉജ്ജ്വലമായ ഒരു സെഞ്ചറി നേടിയതിന്.’’– അകീൽ പറഞ്ഞു.

“ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടർച്ചയായി വീഴുകയായിരുന്നു. ടോട്ടൽ കുറഞ്ഞുപോകുമായിരുന്നു. ഒരുപക്ഷേ 160 അല്ലെങ്കിൽ 170 റൺസ് മാത്രമേ നേടാൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ സഞ്ജു അവസാനം വരെ അവിടെ നിന്നതും കണക്കുകൂട്ടലുകളോടെ കളിച്ചതും ഗുണകരമായി. അവർക്ക് പ്രധാനമായും അഞ്ച് ബോളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുവരെ കളിയിൽ പന്തെറിയാൻ അവസരം ലഭിക്കാത്ത ഒരാളെ അവർക്ക് കൊണ്ടുവരേണ്ടി വന്നു.ആ പുതിയ ബോളറെ സഞ്ജു കൃത്യമായി ലക്ഷ്യം വച്ച് റൺസ് നേടി.’’– അകീൽ കൂട്ടിച്ചേർത്തു.

വിക്കറ്റു നേടുമ്പോൾ മുഖം പൊത്തിപ്പിടിച്ചുള്ള തന്നെ ആഘോഷത്തിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും അകീൻ പറഞ്ഞു. ‘‘എല്ലാവർക്കും അവരവരുടേതായ മാസ്കുകൾ (മുഖംമൂടി ആഘോഷങ്ങൾ) ഉള്ളതായി തോന്നുന്നു. നൂർ അഹമ്മദിന് ഒരു മാസ്കുണ്ട്, ചില ഫുട്ബോൾ താരങ്ങൾക്കും അവരുടെ മാസ്കുകൾ ഉണ്ട്, അതിനാൽ ഞാൻ ഇത് തിരഞ്ഞെടുത്തു. ഇതിന് പിന്നിൽ വലിയ കാര്യങ്ങളൊന്നുമില്ല; ചെറിയ വിജയങ്ങൾ ആഘോഷിക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം.’’– അകീൽ വ്യക്തമാക്കി.

സീസണിലെ രണ്ടാം സെഞ്ചറിയുമായി സഞ്ജു (54 പന്തിൽ 101 നോട്ടൗട്ട്) തകർത്തടിച്ച മത്സരത്തിൽ, മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ സഞ്ജു രക്ഷകനായപ്പോൾ ബോളിങ്ങിൽ 4 വിക്കറ്റ് നേടിയ സ്പിന്നർ അകീൽ ഹൊസെയ്നാണ് ചെന്നൈയുടെ ആക്രമണം നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ ഒറ്റയാ‍ൾ പോരാട്ടത്തിന്റെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.

ടീമിലെ മറ്റൊരു ബാറ്റർക്കും 25 റൺസിനു മുകളിൽ നേടാൻ സാധിക്കാതിരുന്ന പിച്ചിലാണ് അപരാജിത സെഞ്ചറിയുമായി സഞ്ജു നിറഞ്ഞാടിയത്. ഐപിഎലിൽ സഞ്ജുവിന്റെ അഞ്ചാമത്തെയും ട്വന്റി20 കരിയറിൽ എട്ടാമത്തെയും സെഞ്ചറിയാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 207. മുംബൈ 19 ഓവറിൽ 104ന് പുറത്ത്.

English Summary:

Sanju Samson's masterful period against Mumbai Indians successful the IPL El Clasico earned him precocious praise from CSK bowler Akeal Hosein. Hosein highlighted Samson's astute readying and quality to anchor the innings, starring Chennai Super Kings to a ascendant victory.

Read Entire Article