സഞ്ജു ക്രീസിലുണ്ടെങ്കിൽ ആദ്യ ആറോവറുകളിൽ കളി ജയിക്കും, ടീമിൽ കൊണ്ടുവന്നത് ഓഫ് സ്പിന്നർമാരെ നേരിടാനല്ല: ഗൗതം ഗംഭീർ

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: March 15, 2026 10:33 PM IST

1 minute Read

 Punit Paranjpe/AFP
ലോകകപ്പ് വിജയത്തിനു ശേഷം സഞ്ജു സാംസണെ അഭിനന്ദിക്കുന്ന പരിശീലകൻ ഗൗതം ഗംഭീർ. Photo: Punit Paranjpe/AFP

മുംബൈ∙ സഞ്ജു സാംസൺ ബാറ്റിങ്ങിൽ‍ തിളങ്ങിയാൽ ആദ്യ ആറോവറുകളിൽ തന്നെ കളി ജയിപ്പിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ നൽകിയ അഭിമുഖത്തിലാണ് ഗൗതം ഗംഭീറിന്റെ വാക്കുകൾ. ലോകകപ്പിൽ ഫൈനലുൾപ്പടെ ഇന്ത്യയുടെ അവസാന മൂന്നു മത്സരങ്ങളിലും സഞ്ജു അർധ സെഞ്ചറികൾ നേടിയിരുന്നു. ന്യൂസീലൻഡിനെതിരായ ഫൈനലിൽ സഞ്ജുവും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേ ഓഫറുകളിൽ 92 റൺസാണ് അടിച്ചു കൂട്ടിയത്. ട്വന്റി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സഞ്ജു നേടിയിരുന്നു.

‘‘സഞ്ജുവിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. സഞ്ജുവിന്റെ സ്ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ച് ആർക്കും സംശയമില്ല. സഞ്ജു ബാറ്റിങ് തുടർന്നാൽ ആദ്യ ആറോവറുകളിൽ തന്നെ കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. സിംബാബ്‍വെയ്ക്കെതിരെ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ടീമിന്റെ ജിം സെഷനിൽ ഞാനാണു പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ജിമ്മിൽ പരിശീലനത്തിലായിരുന്നു. നോക്കാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഒരു പരിശീലകനും താരവും തമ്മിലുള്ള സംസാരമല്ല അവിടെയുണ്ടായത്. പരിശീലന സമയങ്ങളിലാണു ഞങ്ങൾ കൂടുതലും സംസാരിച്ചത്.’’– ഗംഭീർ വ്യക്തമാക്കി.

ടോപ് ഓർഡറിൽ മൂന്നു ബാറ്റർമാർ ഇടംകയ്യൻമാരാണെന്നതുകൊണ്ടല്ല സഞ്ജുവിനെ കളിപ്പിച്ചതെന്നും ഗംഭീർ പറഞ്ഞു. ‘‘ഒരുപാടു പേർ പറയുന്നത് ടോപ് ഓർഡറിൽ മൂന്ന് ഇടംകയ്യൻമാർ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ്. എന്നാൽ അത് അങ്ങനെയല്ല. ഇന്ത്യൻ ടോപ് ഓർഡർ കൂടുതൽ‍ സ്ഫോടനാത്മകമായ ബാറ്റിങ് കളിക്കണമെന്നുള്ളതുകൊണ്ടാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനിൽ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങൾ പിന്തുടരുന്നത്. ഓഫ് സ്പിന്നർമാരെ നേരിടാൻ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളിൽ പരമാവധി സ്കോർ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ കൊണ്ടുവരുന്നത്.’’– ഗംഭീർ പറഞ്ഞു.

English Summary:

Gautam Gambhir Praises Sanju Samson's T20 World Cup Performance

Read Entire Article