Published: May 07, 2026 11:02 AM IST
1 minute Read
ചെന്നൈ∙ തകർപ്പൻ ഫോമിൽ കളിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസണെ പുകഴ്ത്തി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. സഞ്ജുവിന്റെ പ്രകടനം ടീമിലുണ്ടാക്കുന്ന സ്വാധീനം വലുതാണെന്ന് ഋതുരാജ് പ്രതികരിച്ചു. ‘‘ചെന്നൈ ടീമിന്റെ നട്ടെല്ലാണ് സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിലെ അതേ ഫോമാണ് ഐപിഎലിലും അദ്ദേഹം തുടരുന്നത്. സഞ്ജുവിന്റെ വരവോടെ ടീമിന്റെ ടോപ് ഓർഡർ ബാറ്റിങ് ശക്തമായി. ടോപ് ഓർഡർ നൽകുന്ന തുടക്കം ഏറ്റുപിടിക്കാൻ സാധിക്കുന്ന മിഡിൽ ഓർഡർ ബാറ്റിങ് നിരയാണ് ഞങ്ങളുടേത്. ടൂർണമെന്റിന്റെ തുടക്കത്തിൽ ചില പാളിച്ചകൾ ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായി ഒന്നുരണ്ടു മത്സരങ്ങൾ ജയിച്ചതോടെ ടീം ട്രാക്കിലായി. സഞ്ജുവിന്റെ ഫോം ടീമിനെ ഒന്നാകെ സ്വാധീനിച്ചു.’’– ഋതുരാജ് പറഞ്ഞു.
അതേസമയം ടീമിനെ എങ്ങനെ വിജയത്തിൽ എത്തിക്കാമെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളതെന്നും വ്യക്തിപരമായ നേട്ടങ്ങൾക്ക് അവിടെ പ്രസക്തിയില്ലെന്നും സഞ്ജു സാംസൺ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ‘‘സ്വന്തം കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കളിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. ഷോട്ടിനു മുൻപുള്ള എന്റെ ട്രിഗർ മൂവ്മെന്റിൽ വരുത്തിയ ചില മാറ്റങ്ങൾ ബാറ്റിങ്ങിനെ സഹായിച്ചിട്ടുണ്ട്. സാങ്കേതികമായി മെച്ചപ്പെടുമ്പോൾ നമ്മുടെ ആത്മവിശ്വാസവും അതിനൊപ്പം വർധിക്കും. ടീം ആവശ്യപ്പെടുന്ന പൊസിഷനിൽ, മത്സര സാഹചര്യം ആവശ്യപ്പെടുന്ന രീതിയിൽ ബാറ്റ് ചെയ്യാനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.’’
‘‘കൃത്യമായ ഗെയിംപ്ലാനുമായാണ് ഈ സീസണിൽ ഞാൻ ബാറ്റിങ്ങിന് ഇറങ്ങിയത്. തുടക്കത്തിൽ കരുതലോടെ കളിക്കാനാണ് ശ്രമിച്ചത്. സ്പിന്നർമാർ വരുമ്പോൾ അറ്റാക്ക് ചെയ്ത് റൺനിരക്ക് ഉയർത്താമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. സെഞ്ചറി നേടാൻ അവസരം ഉണ്ടായിരുന്നു. പക്ഷേ, അതിനെക്കുറിച്ച് അധികം ആലോചിച്ചില്ല. കാർത്തിക് നന്നായി കളിക്കുന്നുണ്ടായിരുന്നു. മത്സരം ഫിനിഷ് ചെയ്യുന്നതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. സെഞ്ചറി നേടുന്നതിനെക്കാൾ, നോട്ടൗട്ടായി നിന്ന് മത്സരം ജയിപ്പിക്കുന്നതാണ് എനിക്കു കൂടുതൽ സന്തോഷം’’– സഞ്ജു പറഞ്ഞു.
മത്സരത്തിൽ ഡൽഹി ഉയർത്തിയ 156 റൺസ് ലക്ഷ്യം സഞ്ജുവിന്റെ അപരാജിത അർധ സെഞ്ചറിക്കരുത്തിൽ (52 പന്തിൽ 87 നോട്ടൗട്ട്) 17.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു.
English Summary:







English (US) ·