സഞ്ജുവിനെ ഐസിസി വിലക്കുമോ? ഹെൽമറ്റ് ഊരിയെറിഞ്ഞുള്ള ആഘോഷപ്രകടനത്തിൽ നടപടിയെടുക്കുമെന്ന് സൂചന

2 weeks ago 3

മുംബൈ ∙ ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിച്ച സഞ്ജു സാംസൻ കളിച്ച ഇന്നിങ്സിന്റെ ആവേശം അവസാനിച്ചിട്ടില്ലെങ്കിലും അടുത്ത മത്സരത്തിൽ താരം വീണ്ടും കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. വ്യാഴാഴ്ച മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും സഞ്ജു തിളങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ ആരാധകർക്കും ഇന്ത്യൻ ടീമിനും ആശങ്കയും നിരാശയും സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജു സാംസണെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. താരത്തിന് ഒരു മത്സരത്തിൽ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടി വരുമോ എന്നും ആശങ്കയുണ്ടെങ്കിലും അതിനു സാധ്യത കുറവാണ്.

വെസ്റ്റിൻഡീസിനെതിരെ മത്സരവിജയത്തിനു ശേഷം സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത്. വിജയറൺ നേടിയതിനു പിന്നാലെ ബാറ്റ് താഴെവച്ച്, ഗ്രൗണ്ടിൽ മുട്ടുകുത്തി, ആകാശത്തേക്കു കണ്ണുകളുയർത്തി, ആദ്യം രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ചായിരുന്നു സഞ്ജുവിന്റെ ആഘോഷപ്രകടനം. എന്നാൽ ഇതിന് തൊട്ടുമുൻപ് താരം ചെയ്ത കാര്യമാണ് പരിശോധനയ്ക്കു വിധേയമായിരിക്കുന്നത്.

അവസാന ഓവറിലെ രണ്ടാം പന്തിൽ ഫോറടിച്ചതിനു തൊട്ടുപിന്നാലെ സഞ്ജു സാംസൺ തന്റെ ഹെൽമറ്റ് അഴിച്ചുമാറ്റി നിലത്തേക്ക് എറിഞ്ഞിരുന്നു. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റംപ്) അനാദരവ് കാണിക്കുന്നതും എതിര്‍ ടീമിലെ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. മത്സരത്തിന് തൊട്ടുപിന്നാലെ സഞ്ജു ഹെൽമറ്റ് അലഷ്യമായി ഊരിയെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇക്കാര്യമാണ് ഐസിസി പരിശോധിക്കുന്നത്.

സഞ്ജുവിനെതിരെ നടപടിയെടുക്കുമോ?ഹെൽമറ്റ് നിലത്തേക്ക് എറിഞ്ഞത് കുറ്റകരമായി കാണുകയാണെങ്കിൽ താരത്തിനെതിരെ നടപടിയെടുത്തേക്കാം. ഐസിസിയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്, താരങ്ങൾ മൈതാനത്ത് മാന്യമായ പെരുമാറ്റം പുലർത്തണം. ആർട്ടിക്കിൾ 2.2 പ്രകാരം, ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമാണ്. ദേഷ്യം കൊണ്ടോ ആവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപുകൾ എന്നിവ എറിയുന്നതോ അടിക്കുന്നതോ ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 18ന് സ്കോട്‌ലൻഡ് താരം ജോർജ്ജ് മുൻസിക്ക് 1 ഡീമെറിറ്റ് പോയിന്റ് നൽകിയിരുന്നു. ടി20 ലോകകപ്പ് മത്സരത്തിൽ പുറത്തായതിന് ശേഷം ഹെൽമറ്റ് എറിഞ്ഞതിനായിരുന്നു സ്കോട്ടിഷ് താരത്തെ ശിക്ഷിച്ചത്.

സഞ്ജു സാംസണിന് മത്സരവിലക്ക് വരുമോ?മിക്കവാറും സന്ദർഭങ്ങളിൽ, ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിന് താരങ്ങളെ വിലക്കാറില്ല. ഐസിസിയുടെ നിയമങ്ങൾ പ്രകാരം ഇത്തരം പ്രവൃത്തികൾ ലെവൽ 1 ‌കുറ്റമായാണ് കണക്കാക്കുന്നത്. ‌ദേഷ്യം പ്രകടിപ്പിക്കുന്നതിന് പകരം ആഘോഷത്തിന്റെ ഭാഗമായി വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ മാച്ച് റഫറിമാർ സാധാരണയായി വിട്ടുവീഴ്ച കാണിക്കാറുണ്ട്. ലെവൽ 1 കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ മാച്ച് ഫീയുടെ 50% വരെ പിഴയും 2 ഡീമെറിറ്റ് പോയിന്റുകളുമാണ്. ഈ ഘട്ടത്തിൽ മത്സര വിലക്ക് അപൂർവ്വമാണ്.

കുറ്റകൃത്യം ലെവൽ 2-ലേക്ക് ഉയർത്തുകയോ അല്ലെങ്കിൽ 24 മാസത്തിനുള്ളിൽ താരം 4 ഡീമെറിറ്റ് പോയിന്റുകൾ നേടുകയോ ചെയ്താൽ മാത്രമേ വിലക്ക് ഉണ്ടാകൂ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് 2 മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിനൊപ്പം അവരുടെ ഭാഗത്തുനിന്ന് അംപയർമാരുടെ തീരുമാനത്തോടുള്ള പരസ്യമായ എതിർപ്പും ഉണ്ടായതിനാലാണ് അത് ലെവൽ 2 കുറ്റമായത്.

മതപരമായ ആഘോഷങ്ങൾക്കുള്ള ഐസിസി നിയമങ്ങൾമൈതാനത്തെ പോസിറ്റീവായ ആഘോഷങ്ങളെ ഐസിസി പിന്തുണയ്ക്കുന്നുണ്ടെങ്കിലും താരങ്ങൾ ക്രിക്കറ്റിന്റെ അന്തസ്സ് പാലിക്കണമെന്ന് നിർദേശമുണ്ട്. ആഘോഷങ്ങൾ നിശ്ചിത അതിരുകൾ ലംഘിക്കാൻ പാടില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും അപമാനിക്കുന്നതോ വേദനിപ്പിക്കുന്നതോ ആയ ഏതൊരു ആംഗ്യവും പ്രവൃത്തിയും ഐസിസിയുടെ വംശീയവിരുദ്ധ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. വിവാദങ്ങൾക്ക് കാരണമായേക്കാവുന്ന പ്രകോപനപരമോ മതപരമോ ആയ പ്രകടനങ്ങളോട് ഐസിസി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഒരാളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഭാഷയോ ആംഗ്യങ്ങളോ താരം ഉപയോഗിച്ചാൽ, അത് ലെവൽ 3 അല്ലെങ്കിൽ ലെവൽ 4 കുറ്റമായി കണക്കാക്കാം. ഇവ ഗുരുതരമായ നിയമലംഘനങ്ങളാണ്, ഇത് വലിയ പിഴയ്ക്കും മത്സരങ്ങളിൽ നിന്നുള്ള വിലക്കിനും കാരണമായേക്കാം.

English Summary:

Sanju Samson's match-winning show against West Indies successful the T20 World Cup has fans excited for the semi-final against England. However, reports suggest the ICC is considering disciplinary enactment against him for his celebration, specifically for throwing his helmet aft hitting a boundary.

Read Entire Article