‘സഞ്ജുവിന് ഒരു പിഴവ് പറ്റി, ഇതു ട്വന്റി20 ക്രിക്കറ്റാണെന്ന് ഓർക്കണം’: തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാത്തതിൽ സിഎസ്‌കെ കോച്ച്

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 04, 2026 12:45 PM IST

1 minute Read

ഐപിഎൽ മത്സരത്തിൽ ചെന്നൈ താരം സഞ്ജു സാംസന്റെ വിക്കറ്റെടുത്ത പഞ്ചാബ് പേസർ സേവ്യർ ബാർട്ട്ലെറ്റിന്റെ ആഹ്ലാദം.  (PTI Photo/R Senthilkumar)
ഐപിഎൽ മത്സരത്തിൽ ചെന്നൈ താരം സഞ്ജു സാംസന്റെ വിക്കറ്റെടുത്ത പഞ്ചാബ് പേസർ സേവ്യർ ബാർട്ട്ലെറ്റിന്റെ ആഹ്ലാദം. (PTI Photo/R Senthilkumar)

ചെന്നൈ ∙ തുടർച്ചയായ രണ്ടാം മത്സരത്തിൽ റൺസ് കണ്ടെത്താൻ പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ സഞ്ജു സാംസണെ പിന്തുണച്ച് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്ന സിഎസ്‌കെയ്ക്ക്, ഈ ഐപിഎൽ സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ടീമിലേക്ക് എത്തിയത് വലിയ പ്രതീക്ഷയാണ് നൽകിയത്. ട്വന്റി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ ആയതിന്റെ തിളക്കത്തോടെയാണ് സഞ്ജു, സീസൺ ആരംഭിച്ചതും. എന്നാൽ ചെന്നൈയുടെ ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിനു കാര്യമായ സംഭാവന നൽകാനായില്ല. രാജസ്ഥാനെതിരെ 7 പന്തിൽ 6, പഞ്ചാബിനെതിരെ 7 പന്തിൽ 7 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകൾ.

‘‘അദ്ദേഹത്തിന് എല്ലാ തവണയും സ്കോർ ചെയ്യാൻ സാധിക്കില്ല. ഇതു ട്വന്റി20 ക്രിക്കറ്റാണ്, ഇന്ന് അദ്ദേഹത്തിന് ഒരു പിഴവ് പറ്റി‌. പക്ഷേ അദ്ദേഹം നല്ല ഫോമിലാണ്, നന്നായി പരിശീലിക്കുന്നുമുണ്ട്. അദ്ദേഹം താളം കണ്ടെത്തിക്കഴിഞ്ഞാൽ പലപ്പോഴും ഒരു മാച്ച് വിന്നറാണ്. അതിനാൽ, രണ്ട് ഇന്നിങ്സുകൾ ഒരു ആശങ്കാജനകമായ കാര്യമായി കാണാനാവില്ല.’’– മത്സരത്തിന് ശേഷം ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. ‌ഐപിഎൽ കരിയറിൽ ഇതുവരെ ഇവിടെ കളിച്ച 6 ഇന്നിങ്സുകളിൽ നിന്ന് 11 ശരാശരിയിൽ 100 സ്‌ട്രൈക്ക് റേറ്റോടെ 66 റൺസ് മാത്രമാണ് താരം നേടിയത്. ഐപിഎൽ വേദികളിൽ (കുറഞ്ഞത് 5 ഇന്നിങ്സുകൾ) സഞ്ജുവിന്റെ ഏറ്റവും കുറഞ്ഞ ശരാശരി ചെപ്പോക്കിലേതാണ്. ഈ സീസണിൽ ഇവിടെ 6 മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ, സഞ്ജു ഇത് മാറ്റിയെടുക്കുമെന്ന് സിഎസ്‌കെ പ്രതീക്ഷിക്കുന്നു.

അഞ്ച് തവണ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈ, ഇപ്പോൾ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ അവർ, ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു. ഞായറാഴ്ച നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

English Summary:

Sanju Samson is facing disapproval aft failing to people runs successful consecutive matches for Chennai Super Kings. Despite a mediocre commencement to the IPL 2026 season, manager Stephen Fleming has publically backed the batsman, highlighting his imaginable arsenic a match-winner erstwhile successful form.

Read Entire Article