Published: March 30, 2026 11:14 PM IST Updated: March 30, 2026 11:28 PM IST
1 minute Read
ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎലിൽ രാജസ്ഥാനെതിരെ കളിക്കാൻ പോകുന്നത്. പക്ഷേ ഗ്രൗണ്ടിലിറങ്ങിക്കഴിഞ്ഞാല്‍ വൈകാരികമായി ചിന്തിക്കാറില്ല. കളി തന്നെയാണ് പ്രധാനം.’’– ട്വന്റി20 ലോകകപ്പിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ രാജസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സഞ്ജുവിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. പക്ഷേ ഐപിഎലിലെ തന്റെ പുതിയ തട്ടകത്തിലെ ആദ്യ മത്സരത്തിൽ തന്നെ, പഴയ ടീമിനെതിരെ കൊമ്പുകോർത്തപ്പോൾ സഞ്ജുവിനു കൈവിറച്ചോ? ആരാധകരുടെ സംശയം ഇതാണ്.
11 വർഷക്കാലം രാജസ്ഥാനൊപ്പമായിരുന്ന, 5 വർഷക്കാലം ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിന്, ചെന്നൈയിലേക്കുള്ള മാറ്റത്തിനു ശേഷം ആദ്യ മത്സരത്തിൽ തന്നെ രാജസ്ഥാനെയാണ് നേരിടേണ്ടി വന്നത്. മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്റെ അരങ്ങേറ്റത്തിന് കാത്തിരുന്ന ആരാധകരെ പക്ഷേ ‘ചേട്ടൻ’ നിരാശപ്പെടുത്തി. രാജസ്ഥാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ രണ്ടാം ഓവറിൽ തന്നെ സഞ്ജു പുറത്തായി. 7 പന്തിൽ 6 റൺസ് മാത്രമാണ് സമ്പാദ്യം. ട്വന്റി20 ലോകകപ്പിലെ താരമായ ശേഷം കളിച്ച ആദ്യ മത്സരത്തിലാണ് സഞ്ജുവിന് കാലിടറിയത്. പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു.
ആദ്യ ഓവറിൽ ജോഫ്ര ആർച്ചറിനെതിരെ സഞ്ജു ഒരു ബൗണ്ടറി നേടിയതു മാത്രമാണ് ആരാധകർക്ക് സന്തോഷിക്കാനുള്ള വക. ചെന്നൈയുടെ മറ്റു ബാറ്റർമാരും തിളങ്ങാതിരുന്നതോടെ സഞ്ജുവിനെ മാത്രം പഴിക്കാനാകില്ല എന്നതുമാത്രം ആശ്വാസം. 2020ന് ശേഷം ഇതാദ്യമായാണ് ഒരു ഐപിഎൽ സീസണിലെ തന്റെ ആദ്യ മത്സരത്തിൽ സാംസൺ ഒരു അർധസെഞ്ചറിയെങ്കിലും നേടാതിരിക്കുന്നത്. 2020 മുതൽ 2025 വരെയുള്ള ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ ഇങ്ങനെയായിരുന്നു:
74 (32) vs ചെന്നൈ, 2020
119 (63) vs പഞ്ചാബ്, 2021
55 (27) vs ഹൈദരാബാദ്, 2022
55 (32) vs ഹൈദരാബാദ്, 2023
82* (52) vs ലക്നൗ, 2024
66 (37) vs ഹൈദരാബാദ്, 2025
ആദ്യ മത്സരങ്ങളിൽ സഞ്ജു പുറത്തെടുക്കാറുള്ള ഈ മികവ് രാജസ്ഥാനെതിരെയും ആവർത്തിക്കുമെന്നു തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷേ 2020ൽ രാജസ്ഥാൻ ജഴ്സിയിൽ ചെന്നൈയ്ക്കെതിരെ അർധസെഞ്ചറി നേടി തുടങ്ങിയ പ്രയാണം ആറു വർഷങ്ങൾക്കു ശേഷം ചെന്നൈ ജഴ്സിയിൽ, രാജസ്ഥാനെതിരെ അവസാനിച്ചു എന്നത് യാദൃച്ഛികമാകാം. ചെന്നൈയ്ക്കു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തിയതോടെ ആരാധകരും നിരാശയിലാണ്. ഇതു സംബന്ധിച്ച് ഒട്ടേറെ പോസ്റ്റുകളാണ് സമൂഹമാധ്യമത്തിൽ നിറഞ്ഞത്. ഏപ്രിൽ 3നു പഞ്ചാബിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
For the archetypal clip since 2020 Sanju Samson has been dismissed without a 50plus people successful his archetypal lucifer of an IPL season.
74 (32) vs CSK, 2020
119 (63) vs PBKS, 2021
55 (27) vs SRH, 2022
55 (32) vs SRH, 2023
82* (52) vs LSG, 2024
66 (37) vs SRH, 2025
6 (7) vs RR, 2026*#CSK pic.twitter.com/e3M3clR6QU
English Summary:








English (US) ·