Published: March 06, 2026 05:15 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായ സഞ്ജു സാംസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയം സ്വന്തമാക്കി, ഇന്ത്യ ഫൈനലിൽ കടന്നതോടെയാണ് ടോപ് സ്കോററും കളിയിലെ താരവുമായ സഞ്ജുവിന്റെ പ്രകടനത്തെ ഗാവസ്കർ വാഴ്ത്തിയത്. മുൻപ് സഞ്ജുവിന്റെ തുടർ പരാജയങ്ങളിൽ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നയാളാണു ഗാവസ്കർ. ബാറ്റിങ് കാണുമ്പോൾ സഞ്ജു മറ്റൊരു സ്ഥലത്താണു ബാറ്റു ചെയ്യുന്നതെന്നു തോന്നുമെന്നാണ് ഗാവസ്കറുടെ പ്രതികരണം.
‘‘സഞ്ജു മറ്റൊരു ഗ്രഹത്തിൽനിന്ന് ബാറ്റു ചെയ്യുകയാണെന്നു നിങ്ങൾക്കു പറയാം. പൂര്‍ണചന്ദ്രനെപ്പോലെ അത്ര വ്യക്തമായാണ് സഞ്ജു പന്തിനെ കാണുന്നത്. ചില ഷോട്ടുകൾ അത്രയും ഗംഭീരമാണ്. ഗ്രൗണ്ടിൽ സഞ്ജുവിന്റെ ഡ്രൈവുകൾ, കട്ട് ഷോട്ടുകൾ, പുൾഷോട്ടുകൾ എല്ലാം ഒന്നിനൊന്ന് മികച്ചത്. ശരിയായ ബാറ്റിങ് പ്രദര്‍ശനമാണ് സഞ്ജു ആരാധകർക്കായി ഒരുക്കി വച്ചത്.’’– സുനിൽ ഗാവസ്കർ ഒരു മാധ്യമത്തോടുപറഞ്ഞു. സഞ്ജുവിന്റെ ബാറ്റിങ്ങിൽ മോശമെന്നു പറയാവുന്ന ഒരു ഷോട്ട് പോലും ഇല്ലായിരുന്നെന്നും, ബാറ്റിങ്ങിലെ ശുദ്ധി സഞ്ജുവിനെ വേറിട്ടുനിർത്തുകയാണെന്നും ഗാവസ്കർ പ്രതികരിച്ചു.
സഞ്ജുവിന്റെ ബാറ്റിങ്ങിൽ വന്ന സ്ഥിരതയെക്കുറിച്ച് ഇന്ത്യൻ ടീമിന്റെ മുൻ പരിശീലകൻ രവി ശാസ്ത്രിയും പ്രതികരിച്ചു. ‘‘സ്ഥിരത വേണമെന്ന കാര്യത്തിൽ സഞ്ജുവിന് വ്യക്തത വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷനിൽനിന്നും അതു മനസ്സിലാകും.’’– രവി ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 42 പന്തുകൾ നേരിട്ട സഞ്ജു 89 റൺസെടുത്താണു പുറത്തായത്. പവർപ്ലേ തീരുംമുൻപേ അഭിഷേക് ശർമ പുറത്തായെങ്കിലും ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ ബാറ്റിങ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസടിച്ചു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടുകളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും.
English Summary:







English (US) ·