സായിബാരിയിലൂടെ ലീഡ് പിടിച്ച് മൊറോക്കോ, ഗോൾ മടക്കി വിനീസ്യൂസ് ജൂനിയർ; ബ്രസീൽ vs മൊറോക്കോ (1-1)

1 month ago 13

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: June 14, 2026 03:15 AM IST Updated: June 14, 2026 07:33 AM IST

1 minute Read

 CHARLY TRIBALLEAU / AFP)
ബ്രസീൽ - മൊറോക്കോ മത്സരത്തിൽ നിന്ന് (Photo: CHARLY TRIBALLEAU / AFP)

ന്യൂജഴ്സി ∙ ആറാം ലോകകിരീടം ലക്ഷ്യമിട്ട് ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിനെ സമനിലയിൽ (1-1) കുരുക്കി മൊറോക്കോ. ആദ്യ പകുതിയിലാണ് ഇരുടീമുകളും ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ ബ്രസീലും മൊറോക്കോയും ഓരോ പോയിന്റ് പങ്കിട്ടു. മത്സരത്തിന്റെ 21 ാം മിനിറ്റിൽ ഇസ്മായിൽ സായിബാരിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് പിടിച്ചത്. പിന്നാലെ വിനീസ്യൂസ് ജൂനിയർ ബ്രസീലിന്റെ സമനില ഗോൾ കണ്ടെത്തി. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ആധിപത്യം പുലർത്തിയ കഴിഞ്ഞ ലോകകപ്പിലെ ജയന്റ് കില്ലർമാരായ മൊറോക്കോ, ബ്രസീലിന്റെ പ്രതിരോധ നിരയ്ക്ക് കടുത്ത ഭീഷണിയുയർത്തി. തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ബ്രസീലിന്റെ പ്രതിരോധനിരയെ പരീക്ഷിച്ച് മൊറോക്കോ താരങ്ങൾ തുടർച്ചയായി ഗോൾമുഖത്തേക്ക് ഇരച്ചുകയറി. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് തുടക്കത്തിലെ മൊറോക്കോ നഷ്ടപ്പെടുത്തിയത്. പിന്നാലെ മൊറോക്കോയുടെ ഗോൾവല ലക്ഷ്യമാക്കി ബ്രസീൽ പ്രത്യാക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. മൊറോക്കോ ലീഡ് നേടിയതിനു പിന്നാലെ ഹൈഡ്രേഷൻ ബ്രേക്കിനു പോയ ടീമുകൾ മടങ്ങിയെത്തി നിമിഷങ്ങൾക്കുള്ളിൽ ബ്രസീൽ ഗോൾ മടക്കുകയായിരുന്നു. ഗോൾ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്രസീൽ മികച്ച ഒത്തിണക്കത്തോടെ കളിക്കളത്തിൽ നിറഞ്ഞു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഒരോ ഗോൾ നേടി തുല്യത പാലിച്ചു.

കാസെമിറോയെയും റോജർ ഇബാനെസിനെയും പിൻവലിച്ച് ഡാനിലോ, ഫാബിൻഹോ എന്നിവരെ കളത്തിലിറക്കിയാണ് ബ്രസീൽ രണ്ടാം പകുതിയിൽ കളി തുടങ്ങിയത്. 61 ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയെയും ഇഗോർ ടിയാഗോയെയും മടക്കിവിളിച്ച പരിശീലകൻ കാർലോ ആഞ്ചലോട്ടി, പകരം മത്തെയോസ് കൂന്യ, ലൂയിസ് ഹെൻറിക്ക് എന്നിവരെ മൈതാനത്തേക്കയച്ചു. 64 ാം മിനിറ്റിലാണ് മൊറോക്കോ ആദ്യ മാറ്റത്തിനു തുനിഞ്ഞത്. ആദ്യ പകുതിയിൽ മൊറോക്കോയുടെ ആധിപത്യമാണ് കണ്ടതെങ്കിൽ രണ്ടാം പകുതിയിൽ ബ്രസീൽ മത്സരം നിയന്ത്രണത്തിലാക്കി. എന്നാൽ പലകുറി ആക്രമിച്ച് കയറി ഗോൾഅവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലീഡ് നേടാൻ ബ്രസീൽ നിരയ്‌ക്കായില്ല. നിശ്ചിത സമയത്തിനു ശേഷം 11 മിനിറ്റ് ഇഞ്ചറി ടൈമിലും ഗോൾ നേടാൻ ഇരുടീമിനും സാധിക്കാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. സൂപ്പർ താരം നെയ്‌മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. 20ന് ഹെയ്തിയ്‌ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അതേ ദിവസം സ്കോട്‍ലൻഡിനെതിരെയാണ് മൊറോക്കോയുടെ രണ്ടാം മത്സരം.

English Summary:

Fifa World Football Cup 2026 Group C Brazil vs Morocco lucifer unrecorded updates

Read Entire Article