Published: April 12, 2026 09:08 AM IST
1 minute Read
ചെന്നൈ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള നാലാം മത്സരത്തിൽ സഞ്ജു സാംസൺ സ്റ്റൈലായി തന്നെ തന്റെ വരവറിയിച്ചു. ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ ക്ഷീണം പലിശസഹിതം തീർക്കുന്ന ഇന്നിങ്സ്. ഡൽഹി ക്യാപിറ്റൽസനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി സെഞ്ചറി നേടിയ താരം 115* റൺസെടുത്ത് പുറത്താകാതെനിന്നു. 56 പന്തുകളിൽനിന്ന് 15 ഫോറുകളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ചെപ്പോക്കിലെ ഈ ‘ചേട്ടൻ’ ഇന്നിങ്സിലൂടെ ഒരുപിടി റെക്കോർഡുകളും താരം സ്വന്തമാക്കി.
What you should work next
ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി സെഞ്ചറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ. ഐപിഎലിൽ ഒരു സിഎസ്‌കെ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന എം.എസ്.ധോണിയുടെ റെക്കോർഡും (2019ൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 84 റൺസ്) സഞ്ജു തകർത്തു. ഒരു ചെന്നൈ താരത്തിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറുമാണ് സഞ്ജു നേടിയത്. മുരളി വിജയ് (127), ഷെയ്ൻ വാട്സൻ (117*), മൈക്ക് ഹസി (116*) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി സെഞ്ചറി നേടുന്ന രണ്ടാമത്തെ ബാറ്റർ കൂടിയാണ് സാംസൺ. ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്കായാണ് സഞ്ജുവിന്റെ നേട്ടം. കെ.എൽ.രാഹുലാണ് (പഞ്ചാബ് കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്) ഈ നേട്ടം കൈവരിച്ച ആദ്യ താരം.
ഈ ഐപിഎൽ സീസണിൽ ഒരു താരത്തിന്റെ ആദ്യ സെഞ്ചറിയുമാണ് സഞ്ജു നേടുന്നത്. ഐപിഎൽ കരിയറിൽ ഇതിന് മുൻപ് സഞ്ജു നേടിയ മൂന്നു സെഞ്ചറികളും അതതു സീസണുകളിലെ ആദ്യ സെഞ്ചറിയായിരുന്നു. 2017, 2019, 2021 സീസണുകളിലായിരുന്നു നേട്ടം. നാലു സീസണുകളിലെ ഇടവേളയ്ക്കു ശേഷമാണ് സഞ്ജു ഐപിഎൽ സെഞ്ചറി നേടുന്നത്. ഐപിഎലിൽ സഞ്ജുവിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. 2021ല്‍ നേടിയ 119 റണ്‍സാണ് ഐപിഎലിലെ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍. ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചറിയുള്ളവരുടെ പട്ടികയിൽ ശുഭ്മൻ ഗിൽ, ഡേവിഡ് വാർണർ (നാലു വീതം) എന്നിവർക്കൊപ്പമെത്തുകയും ചെയ്തു. എട്ടു സെഞ്ചറിയുള്ള വിരാട് കോലിയാണ് ഒന്നാമത്. ജോസ് ബട്‌ലർ (7), ക്രിസ് ഗെയ്ൽ (6), കെ.എൽ.രാഹുൽ (5) എന്നിവരാണ് തൊട്ടുതാഴെ.
ഡൽഹിക്കെതിരായ സെഞ്ചറി ഇന്നിങ്സിനിടെ സഞ്ജു ട്വന്റി20 ക്രിക്കറ്റിൽ 400 സിക്സുകൾ എന്ന നാഴികക്കല്ലും പിന്നിട്ടു. മത്സരത്തിലാകെ നാലു സിക്സറുകൾ പറത്തിയ സഞ്ജുവിന്റെ സിക്സറുകളുടെ എണ്ണം 401 ഒന്നായി. നാനൂറിലധികം സിക്സറുകൾ പറത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. രോഹിത് ശർമ (554), വിരാട് കോലി (440), സൂര്യകുമാർ യാദവ് (421) എന്നിവരാണ് മുന്നിൽ.
English Summary:








English (US) ·