Published: May 24, 2026 03:56 PM IST Updated: May 24, 2026 11:32 PM IST
2 minute Read
മുംബൈ ∙ സൂര്യകുമാർ യാദവ് ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായി തുടരുമോ? ബിസിസിഐയുടെ ഉന്നതവൃത്തങ്ങൾ ഏറ്റവുമൊടുവിൽ നൽകുന്ന സൂചന അനുസരിച്ച് ക്യാപ്റ്റൻ പദവിയിൽ സൂര്യകുമാർ യാദവിന്റെ ഭാവി ഇനി പ്രധാനമായും തീരുമാനിക്കുക മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ആയിരിക്കും. ഒരു ബാറ്റർ എന്ന നിലയിൽ മാത്രം സൂര്യയെ ടീമിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്കും വ്യക്തതയില്ല.
‘‘കഴിഞ്ഞ സീസണിൽ എഴുന്നൂറിലധികം റൺസ് നേടിയതുപോലെ, സൂര്യകുമാർ ഫോമിലേക്ക് തിരിച്ചെത്താൻ ഐപിഎൽ സഹായിക്കുമെന്നാണ് തുടക്കത്തിൽ സെലക്ടർമാർ കരുതിയത്. എന്നാൽ അദ്ദേഹത്തിന്റെ ഗെയിമിൽ സാങ്കേതികമായ യാതൊരു തിരുത്തലുകളും ഉണ്ടായിട്ടില്ല. തുടക്കക്കാരായ പേസർമാർ പോലും കഠിനമായ ലെങ്തിൽ പന്തെറിയുമ്പോൾ അദ്ദേഹത്തിന് അതിന് മറുപടിയില്ല. 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ ഇന്ത്യയെ സൂര്യ നയിക്കുന്നത് സെലക്ടർമാരുടെ പരിഗണനയിലില്ല.’’– ബിസിസിഐയിലെ ഒരു മുതിർന്ന വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതകേന്ദ്രങ്ങളിൽ അടുത്ത ക്യാപ്റ്റൻ ആകാൻ സാധ്യതയുള്ളവരുടെ പേരുകളെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ സജീവമായിക്കഴിഞ്ഞു. ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റുമായ ശ്രേയസ് അയ്യരാണ് പരിഗണനയിൽ മുൻപന്തിയിലുള്ള ഒരാൾ. എന്നാൽ ശ്രേയസ്സിനും ഗംഭീറിനും ഒത്തുപോകാൻ സാധിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 2024 ഐപിഎൽ വിജയം മെന്റർ എന്ന നിലയിൽ ഗംഭീറിന്റെ വിജയമായി പരക്കെ ചിത്രീകരിക്കപ്പെട്ടപ്പോൾ ശ്രേയസ്സിനുണ്ടായ അതൃപ്തിയും നിരാശയും ക്രിക്കറ്റ് ലോകം ഇപ്പോഴും മറന്നിട്ടില്ല.
ഗുജറാത്ത് ടൈറ്റൻസിനെ തുടർച്ചയായ രണ്ടാം വർഷവും പ്ലേഓഫിലേക്ക് നയിച്ച ശുഭ്മൻ ഗില്ലാണ് പരിഗണനയിലുള്ള മറ്റൊരാൾ. ട്വന്റി20 ലോകകപ്പിന് തൊട്ടുമുൻപു വരെ അഗാർക്കറും സംഘവും ഗില്ലിനെ എല്ലാ ഫോർമാറ്റിനുമുള്ള ദീർഘകാല ക്യാപ്റ്റനായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഗില്ലിനെ ഒഴിവാക്കിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. എങ്കിലും സൂര്യകുമാർ ടീമിൽനിന്നു പുറത്തായാൽ ഗില്ലിനെ ട്വന്റി20 ടീമിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഗില്ലിനെ വീണ്ടും അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കേണ്ടി വരും. ലോകകപ്പിൽ തിളങ്ങിയ സഞ്ജു സാംസണെയും ഇഷാൻ കിഷനെയും ടീമിൽനിന്ന് ഒഴിവാക്കാനും സാധിക്കില്ല. സഞ്ജുവിനെയും ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നുണ്ട്.
എന്നാൽ സങ്കീർണതകൾ അവിടെയും അവസാനിക്കുന്നില്ല. കൗമാരവിസ്മയം വൈഭവ് സൂര്യവംശി സീനിയർ ടീമിലേക്ക് ഉടൻ വിളി പ്രതീക്ഷിക്കുന്നുണ്ട്. ഈ വർഷം തന്നെ അതു സംഭവിച്ചേക്കും. അങ്ങനെയെങ്കിൽ വൈഭവിനെ ഓപ്പണറാക്കേണ്ടി വരും. ഗില്ലിന്റെ സാധ്യതകൾ അവസാനിക്കും. ഈ സാഹചര്യത്തിലാണ് മറ്റൊരു പേര് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. പ്ലേയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യവും ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരവുമായ തിലക് വർമയെയും നായകനായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യ എ ടീമിന്റെ നായകനായി തിലകിനെ തീരുമാനിച്ചതെന്നും ബിസിസിഐ വൃത്തം പറഞ്ഞു.
‘‘സൂര്യയെ മാറ്റുകയാണെങ്കിൽ തിലകിനെ തള്ളിക്കളയരുത്. തിലകിന്റെ നേതൃപാടവം വിലയിരുത്താൻ സെലക്ടർമാർക്ക് അവസരം ലഭിക്കുന്നതിനായിട്ടാണ് അദ്ദേഹത്തെ എ ടീമിന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.’’– അദ്ദേഹം പറഞ്ഞു. ഐപിഎലിനു ശേഷം അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ട്വന്റി20 പരമ്പര. ജൂൺ 26നും 28നുമാണ് മത്സങ്ങൾ. ഇതിനു ശേഷം ഇംഗ്ലണ്ടിനെതിരെയും ട്വന്റി20 പരമ്പരയുണ്ട്. ഈ പരമ്പരകളിൽ സൂര്യകുമാറിന് അവസരം നൽകുമോ എന്നതിനെ ആശ്രയിച്ചാകും താരത്തിന്റെ ഭാവി.
English Summary:







English (US) ·