Published: May 25, 2026 08:24 AM IST
2 minute Read
മുംബൈ ∙ ഐപിഎലിൽ പ്ലേഓഫ് കാണാതെ നേരത്തെ പുറത്തായ മുംബൈ ഇന്ത്യൻസ് പതിവു തെറ്റിക്കാതെ വീണ്ടും പരാജയപ്പെട്ടപ്പോൾ പ്ലേഓഫിലേക്ക് റോയൽ എൻട്രിയാണ് രാജസ്ഥാൻ റോയൽസ് നടത്തിയത്. മുംബൈയ്ക്കെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ 30 റൺസിനാണ് രാജസ്ഥാന്റെ വിജയം. ബുധനാഴ്ച, എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ ഹൈദരാബാദിനെ നേരിടും. രാജസ്ഥാന്റെ ജയത്തോടെ പഞ്ചാബും കൊൽക്കത്തയും പ്ലേഓഫ് കാണാതെ പുറത്തായി. സീസണിന്റെ ആദ്യ പകുതിയിൽ, ഏഴു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ പഞ്ചാബ് പിന്നീട് തുടർച്ചയായി ആറു മത്സരങ്ങൾ തോറ്റതോടെയാണ് പ്ലേഓഫ് കാണാതെ പുറത്തായത്. സീസണിൽ പഞ്ചാബിനെ ആദ്യം തോൽപ്പിക്കുന്ന ടീം രാജസ്ഥാനാണ്. ഇപ്പേഴിതാ, രാജസ്ഥാന്റെ ജയത്തോടെ അവർ ടൂർണമെന്റിൽനിന്നു പുറത്തുമായി.
പ്ലേഓഫിൽ കടന്നശേഷം പഞ്ചാബ് കിങ്സിനെ പരിഹസിച്ച് രാജസ്ഥാന്‍ റോയൽസ് ഇന്നലെ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായി. പഞ്ചാബ് കിങ്സിന്റെ ഒരു ട്വീറ്റിനു മറുപടിയായിട്ടായിരുന്നു രാജസ്ഥാന്റെ പോസ്റ്റ്. ‘സോറി ഭായ്, ആജ് നഹി!’ (ക്ഷമിക്കണം സഹോദരാ, ഇന്ന് ഇല്ല!) എന്ന പഞ്ചാബിന്റെ ട്വീറ്റിന്, നടൻ അർജുൻ കപൂറിന്റെ പ്രശസ്തമായ ഒരു മീം ഉപയോഗിച്ചാണ് രാജസ്ഥാൻ മറുപടി നൽകിയത്. മറ്റ് അതിഥികളെല്ലാം വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ അർജുൻ വാതിലിനു പുറത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന വൈറൽ വിഡിയോ ക്ലിപ്പാണ് ഇത്.
സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന പഞ്ചാബ് കിങ്സിന്റെ രീതിക്കെതിരെ വ്യാപക വിമർശനമുണ്ടായിരുന്നു. അതു തന്നെയാണ് ഇപ്പോൾ അവർക്കെതിരെ തിരിച്ചടിച്ചത്. മേയ് 1നു പഞ്ചാബ് കിങ്സ് പങ്കുവച്ച ഒരു ട്വീറ്റാണ് ഇന്നലെ അവർക്കെതിരെ തന്നെ രാജസ്ഥാൻ പ്രയോഗിച്ചത്. മേയ് 1നു നടന്ന ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ‘സോറി ഭായ്, ആജ് നഹി!’ എന്നായിരുന്നു പഞ്ചാബിന്റെ അന്നത്തെ ട്വീറ്റ്. ഏപ്രിൽ 28നു പഞ്ചാബിനെ തോൽപ്പിച്ചതിനു ശേഷമുള്ള രാജസ്ഥാന്റെ മത്സരമായിരുന്നു ഇത്.
ഏപ്രിൽ 28നു പഞ്ചാബിനെ തോൽപ്പിച്ച ശേഷം നടൻ സൽമാൻ ഖാൻ 2014ൽ പങ്കുവച്ച, ‘സിന്റയുടെ ടീം ജയിച്ചോ?’ എന്ന് ചോദിക്കുന്ന വൈറൽ ട്വീറ്റ് ഉപയോഗിച്ച് രാജസ്ഥാനും ഒരു പോസ്റ്റിട്ടിരുന്നു. മത്സരത്തിന്റെ വിജയശിൽപിയായ ഡൊണോവൻ ഫെരേരയുടെ വിഡിയോ പോസ്റ്റ് ചെയ്യുന്നതിനിടയിലാണ് രാജസ്ഥാൻ ആ ട്വീറ്റ് ഉപയോഗിച്ചത്. രാജസ്ഥാൻ ആ പോസ്റ്റിന് നൽകിയ അടിക്കുറിപ്പ് ഇതായിരുന്നു: ‘സോറി ഭായ്, ആജ് നഹി!’.
∙ ‘ദാനം’ കൊടുത്തത് വിനയായിഈ സീസണിൽ പഞ്ചാബ് കിങ്സ് നിരവധി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ടീമിന്റെ ഇടപെടലുകൾക്കെതിരെയാണ് വിമർശനം ഉയർന്നത്. മറ്റു ടീമുകളോട് അവർ സ്വീകരിച്ച നിലപാട് കണക്കിലെടുക്കുമ്പോൾ, പഞ്ചാബിന്റെ ഓൺലൈൻ പെരുമാറ്റത്തിനെതിരെയുള്ള ജനരോഷം ന്യായമാണെന്ന് പലരും വിശ്വസിക്കുന്നു. രാജസ്ഥാനെ ട്രോളിയതിന് പുറമെ, ഈഡൻ ഗാർഡൻസിൽ നടന്ന മഴ ബാധിച്ച മത്സരത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും പഞ്ചാബ് പരിഹസിച്ചിരുന്നു. ആ സമയത്ത്, പഞ്ചാബ് തുടർച്ചയായി വിജയിക്കുകയും സുഗമമായി പ്ലേ ഓഫ് യോഗ്യത നേടുമെന്നുമാണ് കരുതിയിരുന്നത്.
മത്സരം മഴമൂലം ഉപേക്ഷിച്ചതിന് ശേഷം, അജിൻക്യ രഹാനെ നയിച്ച ടീമിന് ഒരു പോയിന്റ് ‘ദാനം’ നൽകിക്കൊണ്ട് തങ്ങൾ ‘ഉദാരത’ കാണിക്കുകയാണെന്ന് സൂചിപ്പിക്കുന്ന ഒരു നൃത്ത വിഡിയോ പഞ്ചാബിന്റെ സോഷ്യൽ മീഡിയ ടീം പോസ്റ്റ് ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, ആ ഒരു പോയിന്റ് ഞായറാഴ്ച പഞ്ചാബിനെ വേട്ടയാടാൻ തിരിച്ചെത്തി; പോയിന്റ് പട്ടികയിൽ 16 പോയിന്റുമായി രാജസ്ഥാൻ റോയൽസ് നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ പ്രവേശിച്ചപ്പോൾ തൊട്ടുപിന്നിൽ 15 പോയിന്റുമായാണ് പഞ്ചാബ് സീസൺ അവസാനിപ്പിച്ചത്. ഒരുപക്ഷേ കൊൽക്കത്തയ്ക്കെതിരായ മത്സരം പഞ്ചാബ് വിജയിച്ചിരുന്നെങ്കിൽ, രാജസ്ഥാനേക്കാൾ റൺറേറ്റ് കൂടുതലുള്ള അവർ പ്ലേഓഫിൽ കടക്കുമായിരുന്നു.
English Summary:







English (US) ·