Published: April 06, 2026 12:17 PM IST Updated: April 06, 2026 01:08 PM IST
1 minute Read
ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ സ്ക്രീനിൽ മിന്നിമറഞ്ഞ സുന്ദരിയെ തേടി സൈബർ ലോകം. മത്സരത്തിനിടെ ക്യാമറ അൽപനേരം കാണികൾക്കിടയിലേക്ക് തിരിഞ്ഞപ്പോഴാണ് പഞ്ചാബ് കിങ്സിനു വേണ്ടി ആവേശത്തോടെ ആർപ്പുവിളിക്കുന്ന ഒരു യുവതി സ്ക്രീനിൽ തെളിഞ്ഞത്. നിമിഷങ്ങൾക്കുള്ളിൽ യുവതി സമൂഹമാധ്യമങ്ങളിൽ വൈറലായി. ആളുകൾ ക്ലിപ്പുകൾ പങ്കിടാനും സ്ക്രീൻഷോട്ടുകൾ സൂം ചെയ്യാനും തുടങ്ങി. ആരാണ് ഈ യുവതിയെന്നും ചർച്ച തുടങ്ങുകയും വൈകാതെ തന്നെ ഒരു പേര് പ്രചരിക്കുകയും ചെയ്തു: കശ്മീര പർദേശി.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ പഞ്ചാബിനു പിന്തുണയുമായെത്തിയത് നടി കശ്മീര പർദേശി തന്നെയാണ് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ അവിടെയും കാര്യങ്ങൾ അവസാനിച്ചില്ല. ഒരു പഞ്ചാബ് താരത്തിന്റെ കാമുകിയാണ് കശ്മീര പർദേശി എന്നാണ് ചിലരുടെ ‘കണ്ടുപിടിത്തം’. പഞ്ചാബ് ബാറ്റർ നേഹൽ വധേരയുമായാണ് കശ്മീരയെ ബന്ധിപ്പിക്കുന്നത്.
ആരാണ് കശ്മീര പർദേശി?സിനിമയിൽ അത്ര പുതുമുഖമല്ല കശ്മീർ പർദേശി. വിവിധ ഭാഷാ ചിത്രങ്ങളിലായി തന്റെ കരിയർ പതുക്കെ കെട്ടിപ്പടുക്കുകയാണ് താരം. 2018ൽ ‘നർത്തനശാല’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കശ്മീര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ ‘സിവപ്പ് മഞ്ഞൾ പച്ചൈ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും കടന്നു. ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലും അഭിനയിച്ചു. 2023ൽ പുറത്തിറങ്ങിയ വെബ് സീരിസായ ‘ദി ഫ്രീലാൻസറി’ലും കശ്മീരയുണ്ട്.
എങ്കിലും ഐപിഎൽ മത്സരങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് താരം ചർച്ചയായത്. പഞ്ചാബ് ജഴ്സി ധരിച്ച്, ടീമിന്റെ ഒട്ടേറെ മത്സരങ്ങളിൽ കശ്മീര എത്തിയതോടെയാണ് ടീമുമായുള്ള താരത്തിന്റെ ബന്ധം ആരാധകർ ചോദിച്ചു തുടങ്ങിയത്. ടീം ഉടമ പ്രീതി സിന്റയുടെ അടുത്തും കശ്മീര സ്ഥാനംപിടിക്കാറുണ്ട്. എന്തുതന്നെയായാലും ഇപ്പോൾ പ്രചരിക്കുന്ന കിംവദന്തികളോട് കശ്മീരയോ നേഹൽ വധേരയോ പ്രതികരിച്ചിട്ടില്ല.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Snehalsays_03ൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·