ചെന്നൈ ∙ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ സഞ്ജു സാംസൺ കന്നി സെഞ്ചറി നേടിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് ആരാധകർ. പുതിയ തട്ടകത്തിൽ, ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. ശനിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ തകർപ്പൻ സെഞ്ചറി. എന്നാൽ സഞ്ജുവിന്റെ ഈ സെഞ്ചറി നേട്ടത്തിനു മുൻപു തന്നെ സന്തോഷത്തിലാറാടിയ ഒരു ‘കുട്ടി ആരാധകൻ’ ഉണ്ട്, നമ്മുടെ കോഴിക്കോട്ട്. കാരണം മറ്റൊന്നുമല്ല, സഞ്ജു സാംസൺ വിഡിയോ കോളിലൂടെ സംസാരിച്ചിരിക്കുകയാണ് ഈ ഫാൻ ബോയ്‌യോട്.
കോഴിക്കോട് വേദവ്യാസ വിദ്യാലയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആർ.ധ്യാനിനോടാണ് സഞ്ജു സാംസൺ വിഡിയോ കോളിലൂടെ സംസാരിച്ചത്. കഴിഞ്ഞയാഴ്ച സഞ്ജു കോഴിക്കോട്ടെത്തിയപ്പോൾ താരത്തെ നേരിൽകാണാനുള്ള അവസരം ധ്യാനിനു നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് ധ്യാൻ സങ്കടപ്പെട്ട് കരയുന്ന വിഡിയോ ബന്ധു പങ്കുവച്ചിരുന്നു. മനോരമ ഓൺലൈൻ വാർത്തയും നൽകി. ഇതിനു പിന്നാലെയാണ് ധ്യാനിനെ, സഞ്ജു വിഡിയോ കോൾ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സഞ്ജുവും ധ്യാനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
സഞ്ജു: ഹലോ, എന്തുണ്ട്? സ്കൂളിലൊന്നും പോയില്ലേ, അവധിയാണോ?
ധ്യാൻ: എനിക്ക് വിശ്വസിക്കാനാകുന്നില്ല
സഞ്ജു: പ്രക്ടീസിനൊക്കെ പോകുന്നുണ്ടോ?’
ധ്യാൻ: ഉണ്ട്, ഫാൽക്കണിലാണ്
സഞ്ജു: അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം
ധ്യാൻ: സർ വരണേ..
സഞ്ജു: സർ എന്നൊന്നും വിളിക്കേണ്ട, സഞ്ജുവെന്ന് വിളിച്ചാൽ മതി
ധ്യാൻ: ആ..സഞ്ജു ചേട്ടാ..
സഞ്ജു: ചുമ്മാ കരയല്ലേ, ആവശ്യമില്ലാതെ, ഓക്കെ ഡാ മോനേ
(പിന്നാലെ ധ്യാൻ കരയുന്നു)
സഞ്ജു: അയ്യോ, കുഴപ്പമില്ല.. അടുത്ത പ്രാവശ്യം നമ്മുക്ക് ഒന്നിച്ച് ക്രിക്കറ്റ് കളിക്കാം, ഓക്കേ?
ധ്യാൻ: താങ്ക്യൂ സാറേ
സഞ്ജു: (ചിരിച്ചുകൊണ്ട്) ശരി സാറേ...
ഡൽഹിക്കെതിരായ മത്സരത്തിന് രണ്ടു ദിവസം മുൻപാണ് ധ്യാനിനെ സഞ്ജു വിളിച്ചത്. ഇതിന്റെ റീൽ ഇതിനകം രണ്ടു മില്യനോളം ആളുകൾ കണ്ടു കഴിഞ്ഞു. ധ്യാനിനെ പോലെയുള്ള കുട്ടികളടക്കമുള്ളവരും സ്നേഹവും പ്രാർഥനയുമാണ് സഞ്ജുവിന്റെ തിരിച്ചുവരവിന് കാരണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ആർസിബിക്കെതിരായ മത്സരശേഷമാണ് സഞ്ജു കോഴിക്കോട്ടെത്തിയത്. മലബർ ക്രിസ്റ്റ്യൻ കോളജിന്റെ ഗ്രൗണ്ടിലെ ക്രിക്കറ്റ് അക്കാദമിയിലാണ് താരമെത്തിയത്.
ഇവിടെ ഒരുവർഷത്തിലേറെയായി സ്ഥിരമായി ക്രിക്കറ്റ് പരിശീലനം നടത്തുന്നയാളാണ് ധ്യാൻ. എല്ലാ ദിവസവും മുടങ്ങാതെ പരിശീലനത്തിനു പോകാറുമുണ്ട്. എന്നാൽ സഞ്ജു വന്ന ദിവസം ധ്യാന് പോകാൻ സാധിച്ചില്ല. അപ്രതീക്ഷിതമായി സഞ്ജു എത്തിയതോടെ താരത്തെ നേരിൽ കാണാനുള്ള അവസരം ധ്യാനിനു നഷ്ടപ്പെടുകയായിരുന്നു. ഇതിൽ സങ്കടപ്പെട്ട് കരഞ്ഞ ധ്യാനിന്റെ റീലും വാർത്തയും കണ്ടാണ് സഞ്ജു വിഡിയോ കോൾ ചെയ്തത്. അടുത്ത മത്സരത്തിൽ സഞ്ജു സെഞ്ചറി കൂടി അടിച്ചതോടെ ധ്യാനിന് ഇത് ഇരട്ടിമധുരം.
English Summary:







English (US) ·