Published: May 08, 2026 03:01 PM IST
1 minute Read
മുംബൈ∙ ‘ഹണിട്രാപ്’ ആശങ്കകളെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ താരങ്ങൾക്കു കർശന നിയന്ത്രണങ്ങള്‍ വരുന്നു. താരങ്ങൾക്കെതിരെയും ഐപിഎൽ സ്റ്റാഫുകൾക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നതു തടയുന്നതിനായി, കടുത്ത നടപടികൾ വേണ്ടിവരുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. താരങ്ങളുടെ മുറികളിൽ മുന്‍കൂട്ടി അറിയിക്കാതെ പരിശോധനകൾ നടത്തി, പിഴവുകൾ കണ്ടെത്തിയാൽ ശക്തമായ നടപടികളും എടുക്കും.
ടീം മാനേജരുടെ അനുമതിയില്ലാതെ ആരെയും മുറികളിൽ പ്രവേശിപ്പിക്കാൻ പാടില്ല. ടീമിന്റെ യാത്രകളെക്കുറിച്ചും, ഹോട്ടലിൽ അനുമതിയുള്ള അതിഥികളെക്കുറിച്ചും ടീം മാനേജർമാർ കൃത്യമായ രേഖകൾ സൂക്ഷിക്കണം. അനുമതിയില്ലാതെ ആരെങ്കിലും മുറികളിൽ കയറിയതായി കണ്ടെത്തിയാൽ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരും. ലൈംഗിക അതിക്രമ ആരോപണങ്ങൾ ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങളെന്നും ബിസിസിഐ വ്യക്തമാക്കി.
താരങ്ങളുടെ മുറികൾ പരിശോധിക്കുന്നതിനായി ബിസിസിഐ, ഐപിഎൽ ഓപറേഷൻസ് ടീം എന്നിവരുൾപ്പെടുന്ന ‘ടാസ്ക് ഫോഴ്സിനെയാണ്’ രൂപീകരിക്കുക. ടീമുകളുടെ ഡഗ് ഔട്ടിലും ബസുകളിലും അനുമതിയില്ലാതെ ആളുകൾ പ്രവേശിക്കുന്നതും ബിസിസിഐയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിഷയം വിശദമായി ചർച്ച ചെയ്യാൻ ഫ്രാഞ്ചൈസികളുടെ സിഇഒമാരുമായി ഈയാഴ്ച തന്നെ ബിസിസിഐ കൂടിക്കാഴ്ച നടത്തും. വാതുവയ്പ് വിവാദങ്ങൾ ഐപിഎലിനെ മുൻപ് പിടിച്ചുലച്ചിട്ടുള്ളതിനാൽ, ഡഗ് ഔട്ടിലെ ‘ചിലരുടെ’ ഇടപെടൽ ബിസിസിഐ ഗൗരവത്തോടെയാണു കാണുന്നത്. വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് 2013ൽ ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ രണ്ടു വർഷം ഐപിഎല്ലിൽനിന്നു വിലക്കിയിരുന്നു.
English Summary:







English (US) ·