Published: January 27, 2026 11:41 AM IST
1 minute Read
ജനീവ∙ 12 വർഷങ്ങൾക്കും ഒരു മാസത്തിനും ശേഷം ഫോർമുല വൺ ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത– സ്കീയിങ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായിരുന്ന ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. വീൽച്ചെയറിൽ ഇരിക്കാവുന്ന സ്ഥിതിയിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നാണ് റിപ്പോർട്ട്. ബ്രിട്ടിഷ് മാധ്യമമായ ഡെയ്‌ലി മെയിലാണ് ഷൂമാക്കറുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചത്.
വീൽച്ചെയറിൽ ഇരിക്കുന്ന അവസ്ഥയിലാണെന്നും സ്പെയിനിലെ മയ്യോർക്കയിലുള്ള എസ്റ്റേറ്റിലും ജനീവ തടാകതീരത്തുള്ള വസതിയിലുമെല്ലാം അദ്ദേഹം എത്താറുണ്ടെന്നുമാണ് റിപ്പോർട്ട്. 57 വയസ്സുകാരനായ ജർമൻ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അടുത്ത കുടുംബാംഗങ്ങൾക്കും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾക്കും മാത്രമറിയാവുന്ന രഹസ്യമായി സൂക്ഷിച്ചുവരികയായിരുന്നു. ‘ലോക്ക്ഡ്-ഇൻ സിൻഡ്രോം’ എന്ന അവസ്ഥയിലാണ് ഷൂമാക്കറെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പൂർണ ബോധത്തോടെയാണെങ്കിലും കണ്ണുകൾ ചിമ്മി മാത്രം പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയാണിത്. എന്നാൽ ഈ പ്രചാരണവും തെറ്റാണെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
ഭാര്യ കോറിനയും ഒരു സംഘം നഴ്സുമാരും തെറപ്പിസ്റ്റുകളും ചേർന്നാണ് താരത്തെ പരിചരിക്കുന്നത്. ആഴ്ചയിൽ പതിനായിരക്കണക്കിന് പൗണ്ട് ചെലവുവരുന്ന ഈ സംഘം 24 മണിക്കൂറും ഷൂമാക്കർക്ക് ഒപ്പമുണ്ട്. കായികരംഗത്തെ ആദ്യ ശതകോടീശ്വരനാണ് ഷൂമാക്കർ. ഏഴു തവണ എഫ് വൺ ലോക ചാംപ്യനായ ഷൂമാക്കർ, 2013 ഡിസംബർ 29നാണ് ഫ്രഞ്ച് ആൽപ്സ് പർവതനിരകളിൽ സ്കീയിങ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
ഫ്രഞ്ച് റിസോർട്ടായ മെറിബെലിൽ മകൻ മിക്കിനൊപ്പം സ്കീയിങ് നടത്തുന്നതിനിടെ ഷൂമാക്കർ തെന്നി വീഴുകയും തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഷൂമാക്കറെ 2014 സെപ്റ്റംബറിൽ ആധുനിക മെഡിക്കൽ സംവിധാനങ്ങൾ ഏർപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടരുകയായിരുന്നു
താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വരുന്ന ആദ്യ വെളിപ്പെടുത്തലാണിത്. അദ്ദേഹത്തിന്റെ അവശതയിലുള്ള ചിത്രങ്ങൾ വിൽക്കാൻ ശ്രമിച്ച ചില മുൻ ജീവനക്കാർ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ടിരുന്നു. 2024ൽ മകൾ ജീനയുടെ വിവാഹത്തിൽ അദ്ദേഹം പങ്കെടുത്തെന്ന വാർത്തകളും അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി.
English Summary:







English (US) ·