അറ്റ്ലാന്റ ∙ ആദ്യ മത്സരത്തിൽ കാബോ വെർദെയ്ക്കെതിരെ സമനില വഴങ്ങിയ സ്പെയിനിനെ ഇനി മറക്കാം. സൗദി അറേബ്യയ്‌ക്കെതിരെ മിന്നും പ്രകടനവുമായി ആ ‘പെയിൻ’ തീർത്ത സ്പെയിൻ, ഈ ലോകകപ്പ് കിരീടത്തിനുള്ള പോരാട്ടത്തിന്റെ മുന്നിൽ തന്നെ ഞങ്ങളുമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുൻ ലോക ചാംപ്യന്മാരായ സ്പെയിൻ തോൽപ്പിച്ചത്. ഈ ലോകകപ്പിൽ സ്പെയിനിന്റെ ആദ്യ ജയം. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ സ്പെയിനിനായി ലമീൻ യമാൽ, മികൽ ഒയർസബാൽ എന്നിവർ തിളങ്ങിയപ്പോൾ ഒരു ഗോൾ സൗദി താരത്തിന്റെ വക സെൽഫ് ഗോളായിരുന്നു.
What you should work next
∙ ‘വെള്ളംകുടിച്ച്’ സൗദിമത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ തന്നെ സ്പെയിൻ ആക്രമിച്ചു കളിക്കാൻ തുടങ്ങി. സൗദി പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കിയ സ്പാനിഷ് മധ്യനിരയും മുന്നേറ്റനിരയും കൃത്യമായ പാസുകളിലൂടെ കളി നിയന്ത്രിച്ചു. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ സ്പെയിൻ ലീഡ് എടുത്തു. മധ്യനിരയിൽനിന്നു ലഭിച്ച പന്തുമായി മുന്നേറിയ മികൽ ഒയർസബാൽ ബോക്സിന്റെ വലതുഭാഗത്ത് നിന്ന് സൗദി പ്രതിരോധത്തെ മറികടന്ന് മനോഹരമായ ഒരു ക്രോസ് നൽകി. ബോക്സിനുള്ളിൽ കൃത്യമായ സ്ഥാനത്തുണ്ടായിരുന്ന യുവ വിങ്ങർ ലമീൻ യമാൽ യാതൊരു പിഴവും കൂടാതെ പന്ത് സൗദി ഗോൾവലയിലേക്ക് തള്ളിവിട്ടു. ഈ ലോകകപ്പിൽ സ്പെയിനിന്റെ ആദ്യ ഗോൾ, ഫിഫ ലോകകപ്പിൽ യമാലിന്റെ കന്നി ഗോളും.
ആദ്യ ഗോളിന്റെ ആവേശത്തിൽ സ്പെയിൻ നിരന്തരം സൗദി ബോക്സിലേക്ക് പന്തെത്തിച്ചു. 21-ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച ഒരു കോർണർ കിക്ക് സൗദി പ്രതിരോധ താരങ്ങൾ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ബോക്സിന് തൊട്ടുമുന്നിൽ നിന്നിരുന്ന മികൽ ഒയർസബാലിന്റെ കാലുകളിലാണ് എത്തിയത്. പന്ത് നിയന്ത്രണത്തിലാക്കിയ ഒയർസബാൽ ഉതിർത്ത ശക്തമായ ലോ-ഷോട്ട് സൗദി ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. സ്കോർ: സ്പെയിൻ 2-0
രണ്ടാം ഗോൾ നേടി കൃത്യം മൂന്ന് മിനിറ്റുകൾക്കകം സ്പെയിൻ അടുത്ത പ്രഹരമേൽപ്പിച്ചു. ഇത്തവണ വലതുവശത്തുനിന്ന് പെഡ്രോ പോറോ നൽകിയ ക്രോസ്, ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ മാർക്ക് കുക്കുറെല്ല ഹെഡ് ചെയ്ത് താഴേക്ക് ഇട്ടു കൊടുക്കുന്നു, തുടർന്ന് ഡാനി ഓൽമോയുടെ മറ്റൊരു ഫ്ലിക്ക്-ഓൺ ഹെഡർ, ഒടുവിൽ ഒരു ടാപ്പ്-ഇന്നിലൂടെ മികൽ ഒയർസബാലിന്റെ മനോഹരമായ ഫിനിഷിങ്. മത്സരത്തിൽ ഒയർസബാലിന്റെ രണ്ടാം ഗോൾ, സ്പെയിനിന്റെ മൂന്നാം ഗോൾ. അങ്ങനെ ആദ്യ ഹൈഡ്രേഷൻ ബ്രേക്കിനു മുൻപു തന്നെ മൂന്നു ഗോളുകൾ വലയിൽ കയറ്റി സൗദിയെ സ്പെയിൻ വെള്ളം കുടിപ്പിച്ചു. ആദ്യ പകുതി 3–0ന് അവസാനിച്ചു.
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയതോടെ രണ്ടാം പകുതിയിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ സ്പെയിൻ കോച്ച് ലൂയിസ് ഡി ലാ ഫുവെന്റെ തീരുമാനിച്ചു. 45-ാം മിനിറ്റിൽ ലമീൻ യമാലിനെയും മികൽ ഒയർസബാലിനെയും പിൻവലിച്ച് യെറെമി പിനോ, ഫെറാൻ ടോറസ് എന്നിവരെ കളത്തിലിറക്കി. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോൾ സ്പെയിനിന്റെ നാലാമത്തെ ഗോൾ പിറന്നു. സ്പാനിഷ് ലെഫ്റ്റ് ബാക്ക് താരം മാർക്ക് കുക്കുറെല്ല സൗദി ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് ഗോൾ ലക്ഷ്യമാക്കി ഒരു ശക്തമായ ഷോട്ട് ഉതിർത്തു. സൗദി ഗോൾകീപ്പർ അത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും പന്ത് നിർഭാഗ്യവശാൽ മുന്നിൽ നിന്നിരുന്ന സൗദി പ്രതിരോധ താരം ഹസ്സൻ അൽ തംബക്തിയുടെ ശരീരത്തിൽ തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു. സ്പെയിനിന് സൗദിയുടെ സംഭാവന. സ്കോർ 4–0.
മത്സരത്തിലുടനീളം സൗദി അറേബ്യയ്ക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞില്ല. സ്പാനിഷ് പ്രതിരോധം കാത്ത പൗ കുബാർസി, ലപോർട്ട എന്നിവർ സൗദി മുന്നേറ്റങ്ങളെ അനായാസം തടഞ്ഞു. സ്പെയിൻ ലക്ഷ്യത്തിലേക്ക് 9 ഷോട്ടുകൾ പായിച്ചപ്പോൾ സൗദിയുടെ പക്കൽനിന്ന് ആകെ വന്നത് ഒരു ഷോട്ട്. സ്പെയിനിനായിരുന്നു 68 ശതമാനം പന്തടക്കവും. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫെറാൻ ടോറസ് സ്പെയിനിനായി വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി ഗോൾ നിഷേധിച്ചു. സൗദി താരങ്ങളായ സലേം അൽദൗസരി, മുഹമ്മദ് കാനോ എന്നിവർ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടു.
∙ പെലെയ്‍ക്കൊപ്പം യമാൽ; പകരംവീട്ടി ഒയർസബാൽലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ആദ്യമായി സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറങ്ങി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി (18 വയസ്സ്) ലമീൻ യമാൽ മാറി. 1958ൽ വെയിൽസിനെതിരെ 17–ാം വയസ്സിൽ ഗോൾ നേടിയ ബ്രസീലിന്റെ ഇതിഹാസ താരം പെലെ മാത്രമാണ് യമാലിന് മുന്നിലുള്ളത്.
അതേസമയം ആദ്യ മത്സരത്തിൽ ആദ്യ 30 മിനിറ്റിൽ ഒരു ടച്ച് പോലും നേടാനാകാതെ നിരാശപ്പെടുത്തിയ ഒയർസബാൽ, ഈ മത്സരത്തിൽ ആദ്യ 25 മിനിറ്റിനുള്ളിൽ രണ്ട് ഗോളും ഒരു അസിസ്റ്റും നേടി ചരിത്രം കുറിച്ചു. ലോകകപ്പിന്റെ ആദ്യ 25 മിനിറ്റിൽ മൂന്ന് ഗോൾ പങ്കാളിത്തം (Goals/Assists) വഹിക്കുന്ന ആദ്യ താരമാണ് ഒയർസബാൽ.
കെബോ വെർദെയ്‍ക്കെതിരായ ആദ്യ മത്സരത്തിൽ രു ലോകകപ്പ് മത്സരത്തിൽ ആദ്യ 30 മിനിറ്റിനിടെ ഒരു തവണപോലും പന്ത് ടച്ച് ചെയ്യാത്ത താരമെന്ന അപൂർവ റെക്കോർഡ് മികൽ ഒയർസബാൽ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ ആദ്യ 30 മിനിറ്റിൽ കാഴ്ചക്കാരന്റെ റോൾ മാത്രമായിരുന്നു സ്പാനിഷ് താരത്തിന്.
English Summary:





English (US) ·